ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.
3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കന്യാകുമാരി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായാണ് ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല. അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലടക്കം മറ്റിടങ്ങളിലും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ കന്യാകുമാരിയില്‍ നിന്ന് പുനെയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസിൽ പരിശോധന നടത്തുകയാണ് പൊലീസ്. കുട്ടി കന്യാകുമാരിയിൽ നിന്ന് തിരിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന നിർണായക ദൃശ്യം പൊലീസിന് കിട്ടി. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രം തെരച്ചിലിന് നിർണായകമായി. ചിത്രത്തിലുള്ള തങ്ങളുടെ മകൾ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛൻ സ്ഥിരീകരിച്ചു. തസ്മിദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകൾ: 9497960113 / 9497980111.





