
കോഴിക്കോട്: കേരളത്തിന്‍റെ മതേതര ഭൂമികയിൽ ധ്രുവീകരണം സൃഷ്ടിക്കുംവിധം വടകരയിലുണ്ടായ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണത്തിൽ ഇടതു മുന്നണി കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. വാർത്തസമ്മേളനത്തിൽ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. എന്നാൽ, ഇതിന് വിഘാതം സൃഷ്ടിക്കുംവിധം ‘ഇസ്ലാമോ ഫോബിക്’ അന്തരീക്ഷം വളരുന്നുണ്ട്.
ഇതിന് ആക്കം കൂട്ടുന്ന രീതിയിലുണ്ടായ കാഫിർ പ്രചാരണം സി.പി.എം പോലുള്ള പാർട്ടിയിൽ നിന്ന് കേരളം പ്രതീക്ഷിച്ചതല്ലെന്നും പി. മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി. പ്രശ്ന സാധ്യത നിലനിൽക്കുന്ന വടകര, നാദാപുരം മേഖലയിൽ ഇത്തരം നീക്കങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. മാപ്പ് അർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും അമീർ കൂട്ടിച്ചേർത്തു.





