India

അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Please complete the required fields.




ചെന്നൈ: മദ്യപിക്കുന്നതിനിടയിലുണ്ടായ കൈയേറ്റത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കള്‍ അറസ്റ്റില്‍. മറൈമലൈ നഗറില്‍ താമസിച്ചിരുന്ന ടി. വിഘ്നേശിനെ (26) കൊലപ്പെടുത്തിയ വിശ്വനാഥന്‍ (23), ബിഹാര്‍ സ്വദേശി ദില്‍ഖുഷ് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു.വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മറൈമലൈ നഗര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥന്‍ പിടിയിലായത്. വിഘ്നേശിന്റെ മൊബൈല്‍ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്നു കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യംചെയ്തത്. ആദ്യം കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
വിഘ്നേശും വിശ്വനാഥനും ദില്‍ഖുഷ് കുമാറും കഴിഞ്ഞിടയ്ക്ക് ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അപ്പോള്‍ വിഘ്നേശും ദില്‍ഖുഷ്‌കുമാറുംതമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വിഘ്നേശ്, ദില്‍ഖുഷ് കുമാറിനെ മര്‍ദിച്ചു.

ഇതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് വിശ്വനാഥനും ദില്‍ഖുഷ് കുമാറുംചേര്‍ന്ന് വിഘ്നേശിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. മദ്യപിക്കുന്നതിനായി വിളിച്ചുവരുത്തിയതിനുശേഷം കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മറൈമലൈ നഗറിലുള്ള തടാകക്കരയില്‍ കുഴിച്ചിടുകയായിരുന്നു.

Related Articles

Back to top button