Kerala

കളമശ്ശേരിയിൽ ലോറി നിർത്തി ഇറങ്ങി, മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Please complete the required fields.




കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ  മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജനാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കളമശ്ശേരി അപ്പോളോ ടയേഴ്സിൽ നിന്ന് ലോഡെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് ലോറിയുമായി വന്നതായിരുന്നു തങ്കരാജൻ. ഇതിനിടയിൽ പ്രാഥമിക കൃത്യത്തിനായി ദേശീയപാതയ്ക്കരികിലേക്ക് പോയപ്പോൾ സംരക്ഷണ ഭിത്തിയിൽ നിന്ന് മണ്ണ് ഇടിയുകയായിരുന്നു. മണ്ണിനൊപ്പം വന്ന പാറയ്ക്കടിയിൽ തങ്കരാജൻ കുടുങ്ങി. ഫയർഫോഴ്സും പൊലീസും ഡ്രൈവർമാരും ചേ‍ർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും ഉണ്ടാകുന്നത്. ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തിപ്രാപിച്ച്  വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും കാസർകോടും ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. 

Related Articles

Leave a Reply

Back to top button