
കൊച്ചി: രാസമലിനീകരണത്താല്‍ പുഴയിലെ മീനുകള്‍ ചത്തുപൊങ്ങിയതിന് മുന്നേ കൊച്ചി നഗരത്തിലെ വായുമലിനീകരണ തോതിന്റെ ‘ഡേറ്റ’ അപ്രത്യക്ഷമായി. നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സില്‍ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്റ്റേഷനിലെ തത്സമയ വായുമലിനീകരണ നിരീക്ഷണ കേന്ദ്രത്തിലെ ഡേറ്റ ഈ മാസം 17 മുതല്‍ അപ്രത്യക്ഷമാണ്.
‘നോ ഡേറ്റ അവൈലബിള്‍’ എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈവ് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സില്‍ കാണിക്കുന്നത്. എറണാകുളം വൈറ്റിലെ നിരീക്ഷണകേന്ദ്രത്തിലെ ഡേറ്റ മാര്‍ച്ച് 14 മുതലും അപ്രത്യക്ഷമാണ്. ഏതെങ്കിലും വ്യവസായസ്ഥാപനങ്ങള്‍ രാസവാതകങ്ങള്‍ പുറംതള്ളിയാല്‍ ഈ ലൈവ് ഡേറ്റയുണ്ടെങ്കിലേ അറിയാനാകൂ.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി.സി.ബി.) നിയന്ത്രണത്തിലാണ് ഈ തത്സമയ വായുമലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തന്നെ.കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ രാസവാതകത്തിന്റെ ഗന്ധം ഇടയ്ക്കിടെ രൂക്ഷമായി അനുഭവപ്പെടാറുണ്ട്. ഏലൂര്‍ വ്യവസായമേഖലയില്‍നിന്നും രാത്രിയില്‍ പുറംതള്ളുന്ന രാസവാതകം മൂലമാണിതെന്ന ആരോപണം ശക്തമാണ്. ഏലൂരിന് പുറമേ, വരാപ്പുഴ ഇടപ്പള്ളി, ലുലുമാള്‍ പരിസരം, കുന്നുംപുറം, വട്ടേക്കുന്നം, പോണേക്കര, എളമക്കര എന്നിവിടങ്ങളില്‍ സ്ഥിരമായി ഈ ഗന്ധം അനുഭവപ്പെടാറുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പറവൂര്‍ തത്തപ്പിള്ളി ഭാഗത്തും രാസവാതകഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ചെറിയ കുട്ടികള്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് വായുമലിനീകരണ തോത് കണ്ടെത്താനുള്ള ‘ഡേറ്റ’ അപ്രത്യക്ഷമായിരിക്കുന്നത്.





