Kerala

സിപിഎം തണലേകി; മാതാപിതാക്കളെ നഷ്ടപ്പെട്ട അര്‍ച്ചനയ്ക്ക് കൂട്ടായി ഇനി അനീഷ്

Please complete the required fields.




അച്ഛനും അമ്മയും നഷ്ടപ്പെട്ട ആദിവാസിയുവതിയുടെ വിവാഹം നാടിന്റെ ആഘോഷമായി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് നാട്ടിലെ സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരുത്സവമായി ഏറ്റെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കൂടുംമാടി പൊയില്‍ കോളനിയിലെ അനീഷായിരുന്നു വരന്‍.

പാക്കം കോളനിയിലൊരുക്കിയ വിവാഹവേദിയില്‍ സി.പി.എം. നേതാക്കളുടേയും കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയുമെല്ലാം സാന്നിധ്യത്തില്‍ അനീഷ് അര്‍ച്ചനയെ താലിചാര്‍ത്തി. ഗോത്രാചാര പ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ വധൂവരന്മാര്‍ക്ക് രക്തഹാരം ചാര്‍ത്തി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ അര്‍ച്ചന, അമ്മയുടെ സഹോദരി കമലയ്‌കൊപ്പം പാക്കം പണിയ കോളനിയിലാണ് താമസം. അര്‍ച്ചന മൂന്നില്‍ പഠിക്കുമ്പോഴാണ് അമ്മ മീനാക്ഷി മരിച്ചത്. അച്ഛന്‍ അതിനുംമുമ്പേ ഉപേക്ഷിച്ചു. പിന്നീട് കമലയായിരുന്നു ആശ്രയം. തന്റെ നാല് മക്കള്‍ക്കൊപ്പം മീനാക്ഷിയുടെ മൂന്ന് മക്കളേയും വളര്‍ത്തി. അര്‍ച്ചനയ്ക്ക് വിവാഹ പ്രായമെത്തിയതുമുതല്‍ കമലയുടെ മനസില്‍ ആധിയായിരുന്നു. രണ്ടു വര്‍ഷംമുമ്പ് അനീഷുമായി വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ നടത്താനായില്ല. മുന്നില്‍ മറ്റുവഴികളൊന്നുമില്ലാതായതോടെയാണ് സഹായത്തിനായി സി.പി.എം. പ്രവര്‍ത്തകരെ സമീപിച്ചത്.

സി.പി.എം. പാക്കം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. കുടുംബത്തിനാവശ്യമായ സാമ്പത്തികസഹായവും നല്‍കി.

സി.പി.എം. ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, പാക്കം ബാബു, വി.വി. ബേബി, പി.ആര്‍. ജയപ്രകാശ്, എ.വി. ജയന്‍, ബൈജു നമ്പിക്കൊല്ലി, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, അജിത്. കെ. ഗോപാല്‍, സി.പി. വിന്‍സന്റ് തുടങ്ങിയ നേതാക്കള്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button