
ക്രിക്കറ്റില്‍ സച്ചിന് ദൈവം തന്നെയാണ്. ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചപ്പോഴോക്കെ തന്റെ ബാറ്റിനെ മാന്ത്രികദണ്ഡുപോലെ ചലിപ്പിച്ച് ആവശ്യത്തിന് റണ്‍സ് വാരിയെടുത്തയാളെ അങ്ങനെയല്ലാതെ എന്തുവിളിക്കും. ഇന്ത്യന്‍ ക്രിക്കറ്റെന്ന കായിക വിനോദത്തിന് നിലനില്ക്കാന് സച്ചിന് തെണ്ടുല്‍ക്കര്‍ അടിച്ചെടുക്കുന്ന റണ്‍സ് മാത്രം പോരാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് തന്റെ ബാറ്റെന്ന മാന്ത്രിക ദണ്ഡ് ഉപയോഗിച്ച് സച്ചിന് സൃഷ്ടിച്ചെടുത്ത കോടികളാണ് ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രമേല്‍ വേരൂന്നാന്‍ സഹായിച്ചത്.
ജനപ്രിയതയുടെ ആവരണം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കുന്നതില്‍ സച്ചിന് വഹിച്ച പങ്ക് പാടിപ്പതിഞ്ഞതാണ്. എന്നാല്‍ കളിക്കപ്പുറമുളള ക്രിക്കറ്റ് എന്ന വ്യവസായത്തിലെ നെടുംനായകനായിരുന്നു 2013 വരെ സച്ചിന്. വെറും കായിക വിനോദമെന്നതിനപ്പുറം ക്രിക്കറ്റിനെ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാക്കുന്നതില്, അന്നും ഇന്നും താരജാഡകളില്ലാത്ത മനുഷ്യന് അറിഞ്ഞു അറിയാതെയും പങ്കാളിയാണ്.





