
ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂന്‍(42) ആണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് ശനിയാഴ്ചയായിരുന്നു സംഭവം. രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും ഏറെനാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച ബംഗാളില്‍നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത് നിരസിച്ചതിന് പിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി കൃത്യം നടത്തിയത്.
ഏകദേശം 15 തവണ യുവതിക്ക് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന കടന്നുകളഞ്ഞ പ്രതി ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ജയനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കീഴടങ്ങാന്‍ എത്തുന്നതിന് മുമ്പ് ഇത് ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി.
കൊല്ലപ്പെട്ട ഫരീദ കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ സ്പായില്‍ ജോലിചെയ്യുകയാണ്. യുവതിക്ക് 21 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.
2022-ല്‍ സ്പായില്‍വെച്ചാണ് പ്രതിയും യുവതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. മാര്‍ച്ച് ആറാം തീയതി നാട്ടിലേക്ക് പോയ ഫരീദ കഴിഞ്ഞദിവസമാണ് മകള്‍ക്കൊപ്പം ബെംഗളൂരുവില്‍ തിരിച്ചെത്തിയത്. അതേദിവസം ഗിരീഷിന്റെ ജന്മദിനവുമായിരുന്നു.





