Kerala

ഇത് സ്‌നേഹക്കാഴ്ച്ച;ഓട്ടോ ചേട്ടന്‍ ബിരിയാണി സമ്മാനിച്ചപ്പോള്‍ അതിലുംവലിയ സര്‍പ്രൈസൊരുക്കി കുട്ടികള്‍

Please complete the required fields.




‘എന്താ സക്കീര്‍പ്പാ വാച്ച് കെട്ടാത്തെ’ എന്ന നിഷ്‌കളങ്ക ചോദ്യത്തിനുപിന്നാലെ കുട്ടികള്‍ വലിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് സക്കീര്‍ ഹുസൈന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. തന്റെ ഓട്ടോറിക്ഷയില്‍വരുന്ന കുട്ടികള്‍ക്ക് വേനലവധിക്ക് സ്‌കൂളടച്ചപ്പോള്‍ ബിരിയാണി കൊടുത്ത് സര്‍പ്രൈസ് നല്‍കിയ ഓട്ടോ ചേട്ടന് വാച്ച് സമ്മാനിച്ച് ഞെട്ടിച്ചു ഈ കുട്ടികള്‍. പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും മറ്റ് സ്വകാര്യ സ്‌കൂളിലേക്കും 25 വര്‍ഷത്തിലേറെയായി സ്ഥിരമായി കുട്ടികളെ കൊണ്ടുപോകുന്നയാളാണ് സക്കീര്‍.

എല്ലാവര്‍ഷവും സ്‌കൂളടയ്ക്കുന്ന ദിവസം കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഐസ്‌ക്രീമുമെല്ലാം വാങ്ങി നല്‍കാറുണ്ട്. നോമ്പുകാലമായതുകൊണ്ട് ഇത്തവണ ബിരിയാണിപ്പൊതിയാണ് നല്‍കിയത്. അപ്രതീക്ഷിതമായാണ് കുട്ടികള്‍ സമ്മാനപ്പൊതി നല്‍കിയത്. കുട്ടികള്‍ നല്‍കിയ സമ്മാനം തനിക്ക് വിലമതിക്കാനാവാത്തതാണെന്നും ഇത്രയും മനസ്സുനിറച്ച സമ്മാനം ജീവിതത്തില്‍ ആദ്യമാണെന്നും സക്കീര്‍ഹുസൈന്‍ പറഞ്ഞു.

‘സക്കീര്‍പ്പാ’ എന്നാണ് സ്നേഹപൂര്‍വ്വം കുട്ടികള്‍ വിളിക്കുന്നത്. സ്‌കൂള്‍ തുറന്നാല്‍ വാച്ച് സ്ഥിരമായി കൈയില്‍ കെട്ടുമെന്ന ഉറപ്പും സക്കീര്‍പ്പയില്‍നിന്ന് കുട്ടികള്‍ വാങ്ങിയിട്ടുണ്ട്. തങ്ങളെ സുരക്ഷിതമായി വീട്ടില്‍നിന്നും സ്‌കൂളിലേക്കും തിരിച്ചുമെത്തിക്കുന്ന ഓട്ടോമാമന് കുട്ടികള്‍ വാച്ച് സമ്മാനിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഹയ എന്ന കുട്ടിയാണ് വീഡിയോ പകര്‍ത്തിയത്. 20 വര്‍ഷംമുന്‍പ് തന്റെ ഓട്ടോയില്‍ സ്‌കൂളില്‍പ്പോയിരുന്ന കുട്ടികള്‍വരെ വീഡിയോകണ്ട് തന്നെ വിളിച്ചെന്ന് സക്കീര്‍ഹുസൈന്‍ പറഞ്ഞു. പറളി ചെക്‌പോസ്റ്റ് ജങ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് സക്കീര്‍ഹുസൈന്‍.

Related Articles

Back to top button