Kozhikode

പതിനാലര കിലോ കഞ്ചാവുമായി കോഴിക്കോട് നിന്ന് പിടിയിലായ യുവാവിന്റെ വീട്ടിൽ റെയ്ഡ്; കട്ടിലിനടിയില്‍ ഒന്നര കിലോ കൂടി കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കഴിഞ്ഞ ദിവസം വന്‍ കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിന് കട്ടിലിനടിയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കൂടി ലഭിച്ചു. കോഴിക്കോട് തലയാട് തോട്ടില്‍ ഹൗസില്‍ ഹര്‍ഷാദിനെയാണ് കഴിഞ്ഞ ദിവസം പതിനാലര കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പൂനൂര്‍ കോളിക്കല്‍ മുണ്ടപ്പുറത്തുള്ള വാടക വീട്ടില്‍ നിന്നാണ് താമരശ്ശേരി എക്‌സൈസ് സംഘം ഒന്നര കിലോഗ്രാം കഞ്ചാവ് കൂടി പിടിച്ചെടുത്തത്.

കോഴിക്കോട് ഐബി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഹര്‍ഷാദിനെ പൊലീസ് പിടികൂടിയതോടെ വീട്ടുകാര്‍ ഈ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മോയത്തിന്റെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

റിമാന്‍ഡില്‍ കഴിയുന്ന ഹര്‍ഷാദിനെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ബിനീഷ് കുമാര്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.

Related Articles

Back to top button