
കോഴിക്കോട്: കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുവാനും, പരിഹാരങ്ങൾ നിർദേശിക്കുവാനും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ ഒന്നാം കർഷക കമ്മീഷനെ നിയമിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ 14 ജില്ലകളിലേയും കാർഷിക മേഖലകളിൽ ചെന്ന് കർഷകരെ നേരിട്ട് കണ്ട് സിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിലേക്കും, ബന്ധപ്പെട്ട അധികാരികളിലേക്കും എത്തിക്കുക എന്നതാണ് കർഷക കമ്മീഷന്റെ ലക്ഷ്യം.
കർഷക കമ്മീഷന്റെ കോഴിക്കോട് ജില്ലയിലെ സിറ്റിംഗുകൾ നവംബർ 13, 14 തിയ്യതികളിൽ നടക്കും. കട്ടിപ്പാറ മുതൽ ചക്കിട്ടപ്പാറ വരെയുള്ള പഞ്ചായത്തുകളിലെ കർഷകരെ കാണുന്നതിനും പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി നവംബർ 13 ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറയിൽ കമ്മീഷൻ സിറ്റിംഗ് നടത്തുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
കൂരാച്ചുണ്ട് വ്യാപാര ഭവനിൽ ചേർന്ന സ്വാഗതസംഘരൂപീകരണ യോഗത്തിൽ പ്രധാന കർഷക സംഘടന പ്രതിനിധികൾ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാനായി ഷാജു ജോർജ് മുണ്ടന്താനവും, കൺവീനറായി സണ്ണി പാരഡൈസിനെയും, ട്രെഷററായി കൂര്യൻ ചെമ്പനാനിയേയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി സലീം പുല്ലടി , സണ്ണി പ്ലാത്തോട്ടം , മാർട്ടിൻ മാനുവൽ , സണ്ണി കൊമ്മറ്റം, ബാബു പൈകയിൽ , ജിജോ തോമസ്, ജോസ് അറക്കൽ, സെമിലി സുനിൽ ,സനീഷ് ജെയിംസ്, തോമസ്കുട്ടി ചെമ്മാച്ചേൽ, എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ജോയി കണ്ണൻചിറ, അഡ്വ: സുമിൻ. എസ്. നെടുങ്ങാടൻ എന്നിവർ സംസാരിച്ചു.





