കാട്ടുമൃഗങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നിയമമുണ്ട്; മനുഷ്യര്‍ക്ക് പരിരക്ഷയില്ല-മാര്‍ റാഫേല്‍ തട്ടില്‍

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് സന്ദര്‍ശിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. കുടുംബത്തിനുള്ള സഭയുടെ പിന്തുണ അറിയിക്കാനാണ് താന്‍ വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാടിനും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കുന്ന സംരക്ഷണത്തേക്കാള്‍ കൂടുതലായി മനുഷ്യന് സംരക്ഷണം ഒരുക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രകൃതി സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് സഭയുടെ നിലപാട്. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും ഇവിടെ മനുഷ്യന്‍ സംരക്ഷിക്കപ്പെടാന്‍ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്. അജിയുടെ കുടുംബത്തിന്റെ വലിയ ദുഃഖം ആര്‍ക്കും പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം അനുഭവങ്ങള്‍ മനുഷ്യര്‍ക്കുണ്ടാകാതിരിക്കാനായി എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജിയുടെ ജീവനെടുത്തത് ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത ആനയാണെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും ഇത്തരം ആനകളെ പിടികൂടി ആന പരിരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഞാന്‍ വരുന്നത് തൃശൂരില്‍ നിന്നാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ടയില്‍ 40-ഓളം ആനകളുണ്ട്. അവയെ മറ്റെവിടെയുമില്ലാത്ത അത്ര ഭംഗിയായാണ് അവിടെ സംരക്ഷിക്കുന്നത്.’ -റാഫേല്‍ തട്ടില്‍ പറഞ്ഞു.
‘പണം കൊടുത്തത് കൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകില്ല. പക്ഷേ ഇവര്‍ക്ക് കൊടുക്കുന്ന സഹായങ്ങള്‍ സമൂഹത്തിന്റെ കരുതലാണ്. അതിലൊരു പിശുക്കും പാടില്ല. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായതേ ചെയ്യണം. നഷ്ടപരിഹാരമായി കേവലമൊരു പണക്കിഴി കൊടുത്ത് തീര്‍ക്കാവുന്ന പ്രശ്‌നമല്ല ഇത്.’ -മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
‘കാടിനേയും കാട്ടുമൃഗങ്ങളേയും സംരക്ഷിക്കാനുള്ള അതിശക്തമായ നിയമം ഇവിടെയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് പരിരക്ഷ കൊടുക്കുന്ന നിയമങ്ങളില്ല. പ്രകൃതിയും കാട്ടുമൃഗങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം. അതിലൊന്നും ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ജനവാസമേഖലയില്‍ ജീവിക്കാന്‍ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണുള്ളത്.’ -റാഫേല്‍ തട്ടില്‍ പറഞ്ഞു.





