Wayanad

വയനാട്ടിൽ സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Please complete the required fields.




വയനാട് : മയക്കുമരുന്ന് അടക്കം പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പൊഴുതന പെരിങ്കോട കാരാട്ട് വീടിൽ കെ. ജംഷീർ അലിയെ (40) ആണ് വയനാട് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍റെ നിർദേശ പ്രകാരം വൈത്തിരി എസ്.എച്ച്.ഒ ടി. ഉത്തംദാസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മുമ്പ് കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ് ജംഷീർ.

അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ കർണാടകയിലെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കൽപറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്‍റെ നിർദേശ പ്രകാരം വൈത്തിരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ മുരളിധരൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാലു ഫ്രാൻസിസ്, ഉനൈസ്, ആഷ്ലിൻ തോമസ് എന്നിവരടങ്ങിയ സംഘം മൈസൂരുവിലെത്തിയാണ് ജില്ല സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.

Related Articles

Back to top button