Idukki

ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

Please complete the required fields.




ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷമാണ് കിടന്നുറങ്ങിയത്. എന്നാൽ വീണ്ടും ഛർദിയുണ്ടായതിനെ തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

പ്രാഥമിക ചികിത്സക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ പതൽ സമയത്ത് മുത്തച്ഛനോടൊപ്പം ​ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛ‍ർദിയുണ്ടായത്. അതേസമയം, പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും.

Related Articles

Back to top button