
കടുവയെ കൊണ്ടുവരുന്ന വാഹനം നാട്ടുകാർ തടഞ്ഞപ്പോൾ, കൊല്ലാതെ കൊണ്ടുപോവാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പും പോലീസും സ്ഥലത്തുണ്ട്.
സുൽത്താൻബത്തേരി: ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്.
എന്നാല്‍ കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ജീവനോടെ കടുവയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണവര്‍. കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മയക്കുവെടി വെയ്ക്കുക അല്ലെങ്കില്‍ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാല്‍ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേരത്തെയുള്ള ഉത്തരവ്.
ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് പത്തുദിവസത്തിനു ശേഷമാണ് കടുവ കുടുങ്ങുന്നത്.





