മാപ്പ് ചോദിച്ച വീഡിയോയിലും പ്രവാസിയുടെ വിചിത്രന്യായം; വീഡിയോകോൾ, അശ്ലീലദൃശ്യം, പരാതി നൽകി അരിത ബാബു

ആലപ്പുഴ: വാട്സാപ്പില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരേ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളം ഡിവൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് മലപ്പുറം സ്വദേശിയായ പ്രവാസിക്കെതിരേ അരിത ബാബു പരാതി നല്‍കിയത്. ഇതിനുപുറമേ എസ്.പി.ക്കും ഡി.ജി.പിക്കും ഇ-മെയില്‍ മുഖേന പരാതി നല്‍കിയിട്ടുണ്ടെന്നും അരിത ബാബു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വിദേശത്തെ നമ്പറില്‍നിന്നാണ് അരിത ബാബുവിന് വാട്സാപ്പില്‍ അശ്ലീലസന്ദേശങ്ങള്‍ ലഭിച്ചത്. നിരന്തരം വീഡിയോകോള്‍ ചെയ്ത് ശല്യംചെയ്ത ഇയാള്‍ പിന്നീട് അശ്ലീലദൃശ്യങ്ങളും അയക്കുകയായിരുന്നു. തുടര്‍ന്ന് അരിത ബാബു ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ ഖത്തറിലെ കോണ്‍ഗ്രസിന്റെ പ്രവാസിസംഘടനയായ ‘ഇന്‍കാസി’ന്റെ ഭാരവാഹികള്‍ ഇയാളെ അന്വേഷിച്ചുകണ്ടെത്തി. ഇതോടെ മലപ്പുറം സ്വദേശിയായ ഇയാള്‍ മാപ്പ് പറഞ്ഞുള്ള വീഡിയോ സന്ദേശം അയച്ചു. മറ്റൊരു പെണ്‍കുട്ടിയാണെന്ന് കരുതിയാണ് വാട്സാപ്പില്‍ അത്തരം ദൃശ്യങ്ങള്‍ അയച്ചതെന്നാണ് മാപ്പ് ചോദിച്ചുള്ള വീഡിയോയിലും പ്രതി ആവര്‍ത്തിച്ചത് പറഞ്ഞത്. അതിനാല്‍, ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.





