
ചിറ്റൂർ ∙ നാലു വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന്റെ ഭാര്യയ്ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. വണ്ണാമട തുളസി നഗർ കല്ലാഴി വീട്ടിൽ ആർ.മധുസൂദനന്റെയും ആതിരയുടെയും മകൻ റിത്വിക് കൊല്ലപ്പെട്ട കേസിൽ മധുസൂദനന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെതിരെയാണു (29) കേസെടുത്തത്. സംഭവത്തിനു ശേഷം മൂർച്ചയേറിയ ആയുധം കൊണ്ടു സ്വയം പരുക്കേൽപിച്ച ദീപ്തി ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
റിത്വിക്കിന്റെ മൃതദേഹം വണ്ണാമടയിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉറ്റവരും നാട്ടുകാരും.
റിത്വിക്കിന്റെ മൃതദേഹം വണ്ണാമടയിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉറ്റവരും നാട്ടുകാരും.
തിങ്കളാഴ്ച രാത്രി പത്തോടെയാണു സംഭവം. മധുസൂദനന്റെ അച്ഛൻ രവീന്ദ്രനും അമ്മ പത്മാവതിക്കുമൊപ്പമാണു ഭാര്യ ആതിരയും മകൻ റിത്വിക്കും താമസിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മധുസൂദനൻ കമ്പനി ആവശ്യത്തിനായി 15 ദിവസം മുൻപാണു ഡൽഹിയിലേക്കു പോയത്. അര കിലോമീറ്റർ അകലെ മറ്റൊരു വീട്ടിലാണു ബാലകൃഷ്ണനും ഭാര്യ ദീപ്തി ദാസും 5 വയസ്സുകാരിയായ മകളും താമസിക്കുന്നത്. തിങ്കൾ രാത്രി പത്മാവതിക്ക് അസുഖത്തെ തുടർന്ന് രവീന്ദ്രനും ആതിരയും ബാലകൃഷ്ണനും ദീപ്തിയും 2 കുട്ടികളുമടക്കം നാട്ടുകല്ലിലെ ആശുപത്രിയിലെത്തി.
തിരികെ വീട്ടിലെത്താൻ വൈകുമെന്നതിനാൽ ദീപ്തിയെയും മകളെയും റിത്വിക്കിനെയും വീട്ടിലെത്തിച്ചു. ആശുപത്രിയിലേക്കു പോയവർ രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോൾ വാതിലുകളെല്ലാം അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ബഹളം വച്ചതിനെ തുടർന്ന് ബാലകൃഷ്ണന്റെ 5 വയസ്സുകാരിയായ മകൾ പിൻവാതിൽ തുറന്നതോടെ അകത്തുകയറിയപ്പോഴാണു ചലനമറ്റു കിടക്കുന്ന റിത്വിക്കിനെ കണ്ടത്. സമീപത്തായി രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ദീപ്തി.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റിത്വിക്കിനെ രക്ഷിക്കാനായില്ല. ദീപ്തിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച റിത്വിക്കിന്റെ മൃതദേഹം സംസ്കരിച്ചു. കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തു പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഡിവൈഎസ്പി സി.സുന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി.




