മത്സ്യബന്ധനത്തിനിടെ തിരയിൽപെട്ട് വള്ളം മറിഞ്ഞു; 17 തൊഴിലാളികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

ആറാട്ടുപുഴ : മത്സ്യബന്ധനത്തിനിടെ തിരയിൽപെട്ട് വള്ളം മറിഞ്ഞു. കായംകുളം മത്സ്യബന്ധന തുറമുഖത്തിന് പടിഞ്ഞാറ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആറാട്ടുപുഴ തറയിൽക്കടവ് ആൽത്തറമൂട്ടിൽ പ്രിലീപിന്റെ ഉടമസ്ഥതയിലുള്ള കൈലാസം വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായിരുന്ന 17 തൊഴിലാളികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അഴീക്കൽ തെക്കു പടിഞ്ഞാറായി വല വലിക്കുന്നതിനിടെ കൂറ്റൻ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. തൊഴിലാളികളെ മറ്റു വള്ളക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. വള്ളം, വല, വീഞ്ച്, രണ്ട് ഔട്ട് ബോർഡ് എൻജിൻ ഉൾപ്പെടെയുളള ഉപകരണങ്ങൾക്കു കേടുപാടുണ്ടായി. ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.





