
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . ലഹരി മരുന്ന് വിൽപന വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു.
നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചർച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയിൽ നിയന്ത്രണം വരുത്തിയിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനമായത്. വ്യാപാരി ഹോട്ടൽ സംഘടന പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത് .
ആദ്യ ഘട്ടത്തിൽ ആറ് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത നഗരസഭാ കൗൺസിലിൽ തീരുമാനം അംഗീകരിച്ച ശേഷം നടപ്പാക്കും. ഇൻഫോ പാർക്കും സ്മാർട് സിറ്റിയും കളക്ട്രേറ്റും ഉൾപ്പെടുന്ന കാക്കനാടാണ് നിയന്ത്രണം ഏറെ ബാധിക്കുക.
കാക്കനാട് രാത്രി കടകൾ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്കയുണ്ട്. നഗരസഭയും പൊലീസും കൈകോർത്ത് പുതിയ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതി. എന്നാൽ ഒരു വിഭാഗം വ്യാപാരികൾക്കും പൊതുജനത്തിനും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. വരും ദിവസങ്ങളിൽ ഇത് ശക്തമാവാനാണ് സാധ്യത.





