Thiruvananthapuram

കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധി; സർക്കാരിന് ഇരട്ടത്താപ്പ്, കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി

Please complete the required fields.




തിരുവനന്തപുരം: കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് ഇരട്ടത്താപ്പ്. നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നൽകാത്ത സർക്കാർ കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിന് തൊട്ടു പിന്നാലെയാണ് ഉത്തരവിറങ്ങിയത്. പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നായി കെടിഡിഎഫ്സി വായ്പയെടുത്തത് 2018 ലാണ്. ഈ വകയിലുള്ള മൂന്നൂറ്റി അമ്പത് കോടി രൂപയ്ക്ക് ഗ്യാരണ്ടി നിന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ 2019 ൽ സർക്കാർ ഗ്യാരണ്ടി കാലഹരണപ്പെട്ടു. കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷം നിഷ്ക്രിയ ആസ്തിയായി കണക്കാക്കിപ്പോന്ന വായ്പാ തുകയ്ക്കാണ് സർക്കാർ ഇപ്പോൾ ഗ്യാരണ്ടി പുതുക്കിയത്.

ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ ഒപ്പിട്ട ഉത്തരവിൽ അടുത്ത വർഷം സെപ്തംബർ വരെയാണ് കടമെടുത്ത തുകയ്ക്കുള്ള സർക്കാർ ഗ്യാരണ്ടി നീട്ടിയത്. കേരളാ ബാങ്ക് സർക്കാരിന് നൽകിയ അപേക്ഷയെത്തുടർന്നാണ് പുതിയ ഉത്തരവ്.
അതേസമയം തിരിച്ചടവിന് നിവൃത്തിയില്ലാത്തതിനാൽ കെഎസ്ആർടിസി വരുത്തിവച്ച സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്ത്, കേരളാ ബാങ്കിന് തിരിച്ചടയ്ക്കണമെന്ന കെടിഡിഎഫ്സി സിഎംഡിയുടെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.

കെടിഡിഎഫ്സിയിൽ സ്ഥിരനിക്ഷേപം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ കോടതിയിൽ കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. നിക്ഷേപത്തിന് ഗ്യാരണ്ടി നൽകിയിട്ടില്ലെന്ന സർക്കാർ വാദത്തെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button