പന്നിയങ്കര ടോൾ പ്ലാസ; പ്രദേശവാസികൾക്ക് സൗജന്യ പ്രവേശനം, രേഖയുടെ കോപ്പി കാണിക്കണം

വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ആറുവരി ദേശീയപാതയിലുള്ള പന്നിയങ്കര ടോൾ പ്ലാസയിൽ സൗജന്യ പ്രവേശനാനുമതി ലഭിക്കാൻ പ്രദേശവാസിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖയുടെ കോപ്പി ടോൾ ബൂത്തിൽ കാണിക്കണം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, തൃശൂർ ജില്ലയിലെ പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ വാഹനങ്ങൾക്കാണ് സൗജന്യ പ്രവേശനം നൽകി വരുന്നത്. നവംബർ ഒന്നുമുതലാണ് ഇത് പ്രവർത്തികമാക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
രേഖാവിവരം മൊബൈൽ ഫോണിൽ കാണിച്ചാലോ പഞ്ചായത്തിന്റെ പേര് പറഞ്ഞാലോ ഇനി വാഹനങ്ങൾ കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ ട്രാക്കിൽനിന്ന് മാറ്റി പേമെൻറ് ട്രാക്കിലൂടെ വിടും. നിരവധി അന്യദേശ വാഹനങ്ങൾ സൗജന്യ പ്രവേശനം ദുരുപയോഗം ചെയ്ത് കടന്നുപോകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന കർശനമാക്കുന്നതെന്ന് ടോൾ മാനേജർ മുകുന്ദൻ പറഞ്ഞു.





