Kozhikode

വീട്ടിൽ ഓണസദ്യ ഒരുക്കാൻ ‘സ്വർണ’ മിക്സിയുമായി എത്തിയ യുവാവ് പിടിയിൽ

Please complete the required fields.




നെടുമ്പാശേരി: വീട്ടിൽ ഓണസദ്യ ഒരുക്കാൻ ‘സ്വർണ’ മിക്സിയുമായി എത്തിയ യുവാവ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ചോദ്യം ചെയ്തപ്പോൾ ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂർവം ദ്രോഹിക്കുന്നു’ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ് കൗണ്ടറിൽ വലിയ തർക്കവുമുണ്ടാക്കി യുവാവ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കഴിഞ്ഞ 20ന് ഇൻഡിഗോ വിമാനത്തിലാണ് കുവൈത്തിൽ നിന്ന് കൊച്ചിയിലെത്തിയത്. ചെക്ക് ഇൻ ബാഗിന്റെ എക്സ്റേ പരിശോധയ്ക്കിടെ പുതിയ മിക്സി സംശയാസ്പദമായ രീതിയിൽ കസ്റ്റംസ് കണ്ടെത്തി. മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചെങ്കിലും വീട്ടിൽ‌ ഓണത്തിന് സമ്മാനമായി നൽകാനാണ് മിക്സി വാങ്ങിയതെന്നും നാട്ടിൽ വന്നിട്ട് വാങ്ങാൻ സമയമില്ലാത്തതിനാലാണ് കൊണ്ടുവന്നത് എന്നുമായിരുന്നു മറുപടി.

പാവങ്ങളെ കസ്റ്റംസ് ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്നു പറഞ്ഞ് മുഹമ്മദ് ദേഷ്യപ്പെടുകയും ചെയ്തു. സീൽ പൊട്ടിക്കാത്ത മിക്സിയാണെന്നും പരിശോധിച്ചിട്ട് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മിക്സി വിട്ടുനൽകാൻ കസ്റ്റംസ് തയാറായില്ല. മുഹമ്മദിനെ അന്നു പോകാൻ കസ്റ്റംസ് അനുവദിച്ചെങ്കിലും മിക്സി പരിശോധനയ്ക്കു ശേഷം തിരികെ നൽകാമെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം മിക്സി അഴിച്ച് പരിശോധിച്ചപ്പോൾ മിക്സിയുടെ മോട്ടറിൽ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വർണക്കമ്പികൾ ആണെന്നു കണ്ടെത്തി. 435 ഗ്രാം തൂക്കമുണ്ടായിരുന്ന കമ്പികളിൽ നിന്ന് ചെമ്പ് നീക്കം ചെയ്തപ്പോൾ 423 ഗ്രാം സ്വർണം ലഭിച്ചു. മുഹമ്മദിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Leave a Reply

Back to top button