
കണ്ണൂർ : ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാമിൽ വീണ്ടും 13 അംഗ സായുധ മാവോവാദി സംഘം എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ദിവസങ്ങൾക്കുമുമ്പും വിയറ്റ്നാമിൽ 11 അംഗ മാവോവാദി സംഘം പ്രകടനം നടത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി വിയറ്റ്നാം കോളനിക്ക് സമീപത്തെ മൂന്ന് വീടുകളിലെത്തിയ മാവോവാദി സംഘം ലാപ്ടോപ്പും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുകയും ഭക്ഷണസാധനങ്ങൾ ശേഖരിച്ച് മടങ്ങുകയും ചെയ്തതായാണ് പൊലീസിന് വിവരം ലഭിച്ചത്.
11 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വിയറ്റ്നാമിൽ മാവോവാദി സംഘമെത്തി പ്രകടനം നടത്തുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അംഗബലം കൂട്ടി മാവോവാദികളുടെ സന്ദർശനം തുടരുന്നത്. മാവോവാദികളുടെ അംഗബലത്തിലെ വർധന ഗൗരവത്തോടെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. സമീപവാസികളുടെ പങ്കാളിത്തവും സംശയിക്കുന്നുണ്ട്.
ആറളം, കൊട്ടിയൂർ, കോളയാട്, കേളകം, അയ്യംകുന്ന് പഞ്ചായത്ത് പരിധിയിലെ കോളനികളിലാണ് മാവോവാദി സംഘങ്ങൾ പതിവായി എത്തുന്നത്. വിയറ്റ്നാമിൽ മാവോവാദി കൂട്ടത്തിന്റെ പ്രകടനത്തെയും പ്രതിഷേധത്തെയും തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആറളം ഫാമിലും കൊട്ടിയൂർ, വയനാട് വനാതിർത്തി പ്രദേശങ്ങളിലും ചുരം പാതകളിലും ഉൾപ്പെടെ മാവോവാദികൾക്കായി നിരീക്ഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.





