
താമരശ്ശേരി : താമരശ്ശേരി, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് തിങ്കളാഴ്ച സംഘടിപ്പിച്ച താമരശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിനെ പ്രതിരോധിക്കാൻ ദേശീയപാതയ്ക്ക് കുറുകെ കയർകെട്ടി ഗതാഗതം തടഞ്ഞ് പോലീസ് നിലയുറപ്പിച്ചതോടെ വലഞ്ഞത് ഒട്ടേറെ യാത്രികർ. കാരാടിയിൽനിന്ന് റോഡിന്റെ ഒരുവശം ചേർന്നാണ് പ്രകടനം സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങിയതെങ്കിലും സ്റ്റേഷന് മുമ്പിൽനിന്ന് മുപ്പതോളം മീറ്റർ അകലെ ദേശീയപാതയ്ക്ക് കുറുകെ പൂർണമായും കയർ കെട്ടി മാർച്ച് പോലീസ് തടയുകയായിരുന്നു.
രാവിലെ 10.50-ന് പോലീസ് റോഡ് അടച്ചതോടെ കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും നിന്നും സമരത്തിന്റെ ഭാഗമായി. അതോടെ ഈ ദേശീയപാതാഭാഗത്ത് അരമണിക്കൂറിലധികം നേരം ഗതാഗതം പൂർണമായി സ്തംഭിച്ചു. രണ്ട് ആംബുലൻസുകൾക്ക് മാത്രമാണ് അതുവഴി ആ സമയം കടന്നുപോവാനായത്. അപ്രതീക്ഷിതമായുണ്ടായ ഗതാഗത തടസ്സത്തെത്തുടർന്ന് മാർച്ചിന് പിന്നിലായി വരികയായിരുന്ന കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇരുദിശകളിലുമായി വഴിയിൽ കുടുങ്ങി.
പൊതുഗതാഗതത്തെ ആശ്രയിച്ചവരിൽ പലർക്കും പുതിയ സ്റ്റാൻഡിലേക്കും പഴയ സ്റ്റാൻഡിലേക്കുമെല്ലാം ഇറങ്ങി കാൽനടയാത്ര ചെയ്യേണ്ടിവന്നു. ഗതാഗതം പിന്നീട് വഴിതിരിച്ചുവിട്ടതോടെ താമരശ്ശേരി ബസ് ബേയിലും മറ്റുമായി ബസ് കാത്തുനിന്നിരുന്നവരും ഏറെനേരം വാഹനം കിട്ടാതെ വലഞ്ഞു. തടസ്സം ഒഴിവാക്കി മറുഭാഗത്തെത്താൻ വാഹനയാത്രികർക്ക് ഏറെദൂരം ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടിയും വന്നു. 11.24-ന് പ്രതിഷേധപരിപാടി അവസാനിച്ച് പ്രവർത്തകർ പിരിഞ്ഞുപോയ ശേഷമാണ് പോലീസ് കയർ അഴിച്ചതും ദേശീയപാതയിലെ പ്രസ്തുതഭാഗത്തെ ഗതാഗതസ്തംഭനം അവസാനിച്ചതും. മാർച്ചുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് കണ്ടാലറിയാവുന്ന നൂറോളം ആളുകളുടെപേരിൽ കേസെടുക്കുകയും ചെയ്തു.





