ഗ്യാസ് ക്രിമറ്റോറിയം നിശ്ചലമായിട്ട് രണ്ടുമാസം : അന്ന് സംസ്ഥാനത്തിന് മാതൃക,ഇന്ന് പ്രവർത്തനരഹിതം

താമരശ്ശേരി : ആധുനിക ഗ്യാസ് ക്രിമറ്റോറിയം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമൊരുക്കി സംസ്ഥാനത്തിനുതന്നെ മാതൃകയായ പൊതുശ്മശാനമായിരുന്നു പുതുപ്പാടി കാരക്കുന്നിലേത്.
എന്നാൽ, ഇവിടത്തെ വാതകശ്മശാനം ഇന്ന് നിശ്ചലമാതൃകയാണ്. ഗ്യാസ് ചേംബറിനുണ്ടായ സാങ്കേതികത്തകരാറിനെത്തുടർന്നാണ് ഇത് പ്രവർത്തനരഹിതമായത്. തകരാർ പൂർണമായി പരിഹരിക്കുകയോ, പുതിയ ചേംബർ സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ ഇനി ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാനാവൂ. പുതുപ്പാടിക്കുപുറമേ കട്ടിപ്പാറ, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കിഴക്കോത്ത്, മടവൂർ തുടങ്ങി സമീപതദ്ദേശസ്ഥാപന നിവാസികൾകൂടി ആശ്രയിച്ചിരുന്ന വാതകശ്മശാനമാണ് രണ്ടുമാസത്തിലേറെയായി നോക്കുകുത്തിയായത്.
ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതറിയാതെ എത്തിക്കുന്ന മൃതദേഹങ്ങൾ ഇപ്പോൾ ഐവർമഠത്തിന്റെ സഹായത്തോടെയാണ് ദഹിപ്പിക്കുന്നത്. മതാചാരപ്രകാരമുള്ള ശേഷക്രിയകൾ ചെയ്യേണ്ടവർ ദഹിപ്പിച്ചുള്ള സംസ്കാരരീതി തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിനിപ്പോൾ ഗ്യാസ് ക്രിമറ്റോറിയത്തിൽ വാങ്ങിയിരുന്നതിനേക്കാൾ 2500 രൂപവരെ അധികം നൽകണം. അതിന് നിർവാഹമില്ലാത്തവരും തുടർകർമങ്ങൾ നടത്തേണ്ടാത്തവരും ജീവനക്കാരുടെ സഹകരണത്തോടെ മൃതദേഹങ്ങൾ പഴയരീതിയിൽ ശ്മശാനത്തിന്റെ കോമ്പൗണ്ടിൽ കുഴിച്ചിടുന്ന സാഹചര്യമാണ്.
അഞ്ചരപ്പതിറ്റാണ്ടോളമായി കാരക്കുന്നിലെ 1.84 ഏക്കറിൽ പ്രവർത്തിക്കുന്ന ശ്മശാനഭൂമിയിൽ ഒരു കോടി രൂപ ചെലവിട്ടാണ് ഗ്യാസ് ക്രിമറ്റോറിയം ഉൾപ്പെടുത്തി ആധുനികീകരിച്ച ‘ശാന്തിവനം’ യാഥാർഥ്യമാക്കിയത്. 19 കിലോയുടെ എട്ട് ഗ്യാസ് സിലിൻഡറുകൾ ഒരേസമയം ഉപയോഗപ്പെടുത്തി മാലിന്യപ്രശ്നമേതുമില്ലാതെ രാപകൽ ഭേദമെന്യേ സംസ്കാരം നടത്താവുന്ന ഗ്യാസ് ക്രിമറ്റോറിയം 2020 സെപ്റ്റംബർ 13-ന് അന്നത്തെ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്. 2021 മേയ് ആദ്യവാരമാണ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കി പ്രവർത്തനം തുടങ്ങിയത്.





