
താമരശ്ശേരി : താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവൻ സ്വർണം കവർന്നു. താമരശ്ശേരി ചുങ്കത്തെ പെട്രോൾ പമ്പിന് സമീപം പനന്തോട്ടം ഇന്ദിരാലയം ഹൗസിൽ ഇന്ദിരയുടെ വീട്ടിലാണ് കവർച്ചനടന്നത്.
ആറരപ്പവൻ തൂക്കംവരുന്ന മൂന്ന് സ്വർണവളകൾ, അരപ്പവൻവരുന്ന ഒരു സ്വർണ ലോക്കറ്റ്, ഒന്നരപ്പവൻ വരുന്ന രണ്ടുജോഡി സ്വർണക്കമ്മലുകൾ എന്നിവയ്ക്കുപുറമേ എണ്ണായിരം രൂപ വിലവരുന്ന രണ്ട് വാച്ചുകൾ, ആയിരം രൂപ, സി.സി.ടി.വി.യുടെ ഡി.വി.ആർ. എന്നിവകൂടി അപഹരിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
വയനാടിലെ ബന്ധുവീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ പോയ വീട്ടുകാർ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചനടന്ന വിവരമറിയുന്നത്. അകത്തെ മുറികളിലെല്ലാം സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലായിരുന്നു. വീടിന്റെ പിറകുവശത്തെ ഗ്രില്ലും വാതിലിന്റെ പൂട്ടും പൊളിച്ച് അകത്തുകയറിയാണ് മോഷ്ടാവ് മുറിക്കുള്ളിലെ അലമാരയിൽ ബാഗിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷ്ടിച്ചത്. കളവും വീടിനുണ്ടായ നാശനഷ്ടങ്ങളും ഉൾപ്പെടെ ആറുലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കാണിച്ച് വീട്ടുകാർ തിങ്കളാഴ്ച രാവിലെ താമരശ്ശേരി പോലീസിൽ പരാതിനൽകി.
എസ്.ഐ. വി.കെ. റസാഖിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരുകയാണെന്നും എസ്.ഐ. വി.കെ. റസാഖ് അറിയിച്ചു.





