Thrissur

തൃപ്രയാറിൽ തെരുവ് നായ്ക്കളുടെ ആക്രമണം; വീട്ടമ്മയടക്കം രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ : തൃപ്രയാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മയടക്കം രണ്ടുപേർക്ക് പരിക്ക്. തൃപ്രയാർ ബി.എസ്.എൻ.എൽ ടെലഫോൺ എക്സ്ചേഞ്ച് ഓഫീസിന് സമീപം വാഴപ്പുള്ളി വീട്ടിൽ പ്രേമന്റെ ഭാര്യ സുവർണ്ണ രശ്മി, സമീപവാസിയായ അനഘ പ്രതാപൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

വിദ്യാർത്ഥിയടക്കം നിരവധിപേർ തെരുവ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് വാർഡ് മെമ്പറുടെ സമയോചിതമായ ഇടപെടലിൽ. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ ക്ഷേത്രം സ്റ്റോക്കുപ്പുര പറമ്പിൽ ചൊവ്വാഴ്ച എട്ടരയോടെയാണ് സംഭവം.

ജോലിസംബന്ധമായ കാര്യങ്ങൾക്കായി സ്റ്റോക്കുപ്പുര പറമ്പിലൂടെ നടന്നുപോകുന്നതിനിടെയാണ് വീട്ടമ്മയായ സുവർണ്ണ രശ്മിയെ തെരുവ് നായ ആക്രമിച്ചത്. പറമ്പിൽ കൂട്ടംകൂടിയിരുന്ന പത്തോളം തെരുവ് നായ്ക്കളിൽ ഒരെണ്ണം വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.

സാരി തലപ്പിൽ കടിച്ചു തൂങ്ങിയ തെരുവ്‌നായ വീട്ടമ്മയുടെ ഇടത് കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. രക്ഷപ്പെടാൻ വീട്ടമ്മ ശ്രമിക്കുന്നതിനിടെ നായയുടെ കടിയേറ്റ് വള മുറിഞ്ഞിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടിക എട്ടാം വാർഡ് മെമ്പർ സി.എസ്.മണികണ്ഠനും, സമീപവാസി സൗമ്യ രൂപേഷും ചേർന്നാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.

പരിക്കേറ്റ വീട്ടമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനിടെ ട്യൂഷൻ കഴിഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയുടെ മേൽ ഇതേ തെരുവ് നായ ചാടിവീണെങ്കിലും വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണകാരികളായ തെരുവ് നായ്ക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നാട്ടിക ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button