കെ.എസ്.ആർ.ടി.സി ബസിലെ നഗ്നത പ്രദർശനം: പ്രതിയെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ല; ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രതിയെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം.50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകൽ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
എറണാകുളം ജില്ല വിട്ടുപോകരുതെന്നും കോടതി ഉപാധിവെച്ചു. താൻ ഒമ്പത് മിനിറ്റ് മാത്രമാണ് ബസിൽ യാത്ര ചെയ്തതെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിൽ ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന പരാതിക്കാരിക്ക് ഈ സംഭവത്തോടെ അത് ദശലക്ഷം പേരായി ഉയർന്നുവെന്നും ഇതിനുവേണ്ടി അത്തരമൊരു സന്ദർഭം ഉണ്ടാക്കിയെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു. തൊട്ടടുത്തിരുന്ന പെൺകുട്ടി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.





