
കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ ഉണ്ടാകുന്ന അക്രമസംഭവങ്ങൾ എലത്തൂർ തീവെപ്പിനുശേഷവും തുടരുന്നു. കഴിഞ്ഞദിവസം രാത്രി മരുസാഗർ എക്സ്പ്രസിൽ പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ സഹയാത്രികൻ കുപ്പികൊണ്ട് കുത്തിയതാണ് റിപ്പോർട്ട് ചെയ്ത ഒടുവിലത്തെ സംഭവം.
മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചശേഷവും പ്ലാറ്റ്ഫോമിലും കമ്പാർട്ട്മെന്റുകളിലും കയറുന്നവരെ നിരീക്ഷിക്കാനോ തക്കസമയത്ത് ഇടപെടാനോ റെയിൽവേ പോലീസിനും ആർ.പി.എഫിനും കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. റിസർവേഷനോ ടിക്കറ്റോ ഇല്ലാത്തവർപോലും റിസർവ്‌ഡ് കമ്പാർട്ട്മെന്റുകളിൽ കയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും തർക്കങ്ങൾക്കും അക്രമത്തിനും വഴിവെക്കുന്നു.
അഞ്ച് കമ്പാർട്ട്‌മെന്റിന് ഒരു ടി.ടി.ഇ. വീതമുണ്ടെന്ന് റെയിൽവേ പറയുന്നെങ്കിലും ദീർഘദൂര ട്രെയിനുകളിൽപ്പോലും ഇപ്പോഴും അങ്ങനെ ഉണ്ടാവാറില്ല. ജനറൽ കമ്പാർട്ടുമെന്റുകളിൽ രാത്രികാലത്ത് ടിക്കറ്റ് പരിശോധന നാമമാത്രമാണ്. എലത്തൂർ സംഭവത്തിനുശേഷം ചെന്നൈയിൽ നിന്നുള്ള എട്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരെ എലത്തൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്നത് മാത്രമാണ് ഒരേയൊരു നടപടി. യൂണിഫോമിലും അല്ലാതെയും ഇവർ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്.
2011-ൽ തൃശ്ശൂരിലുണ്ടായ സൗമ്യവധത്തിനുശേഷം വനിതകളുടെ കമ്പാർട്ട്‌മെന്റ് മധ്യഭാഗത്തേക്ക് മാറ്റുമെന്ന് നിർദേശമുണ്ടായെങ്കിലും ഇനിയും നടപ്പായിട്ടില്ല. എല്ലാവണ്ടികളിലും സി.സി.ടി.വി., എല്ലാ സ്റ്റേഷനിലും ക്യാമറ, സുശക്തമായ പോലീസ് നിരീക്ഷണം എന്നിവയൊക്കെ കടലാസ്സിലൊതുങ്ങി. ഷൊർണൂർ, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാന സ്റ്റേഷനുകളിൽ മാത്രമേ ക്യാമറയുള്ളൂ.
നാല് വർഷം മുമ്പ് റെയിൽവേ തന്നെ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച ‘മേരി സഹേലി ‘ പദ്ധതിയിലെ നിർദേശങ്ങൾ ഒന്നുപോലും നടപ്പായിട്ടില്ല. സ്റ്റേഷനുകളിലും സമീപറോഡുകളിലും കൂടുതൽ വെളിച്ചത്തിന് സൗകര്യമുണ്ടാക്കുക എന്നതുപോലും പലയിടത്തും നടന്നില്ല. സുരക്ഷയ്ക്കായി റെയിൽവേ പുറത്തിറക്കിയ കേന്ദ്രീകൃത നമ്പറുകൾ സ്റ്റേഷനുകളിലും എല്ലാ കോച്ചുകളിലും പ്രദർശിപ്പിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമാണ്.





