
പാലക്കാട്: ചാലിശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂളിലെ കായികാധ്യാപകൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ കായികാധ്യാപകൻ പെരുമണ്ണൂർ സ്വദേശി 23കാരൻ മുബഷിറിനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു.
ഇന്നലെ എടപ്പാൾ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇരുവരെയും പട്ടാമ്പി കോടതിയിൽ ഹാജരാക്കി.
പ്രതിക്ക് പെൺകുട്ടിയുമായി നേരത്തെ ഓൺലൈൻ വഴി സൗഹൃദമുണ്ടായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.





