Kozhikode

കുറ്റ്യാടി ടൗണിൽ മാലിന്യം തള്ളൽ വ്യാപകം

Please complete the required fields.




കുറ്റ്യാടി : ടൗണിൽ പലഭാഗങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത പലഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കവറുകളിലും മറ്റുമാക്കി കൊണ്ടിടുകയാണ്. ടൗണിലെ ഓവുചാലുകളിൽ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നുണ്ട്. പലയിടത്തും മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കാനുള്ള സാധ്യതയാണുള്ളത്. കുറ്റ്യാടി എം.ഐ.യു.പി.സ്കൂളിന്റെ പിൻഭാഗത്ത് കുറച്ചുനാളുകളായി പ്ലാസ്റ്റിക് മാലിന്യം കൊണ്ടിടുന്നത് പതിവായിട്ടുണ്ട്.

കുറ്റ്യാടി-വടകര റോഡിലെ അക്ഷയകേന്ദ്രം സ്ഥിതിചെയ്യുന്ന കെട്ടിടസമുച്ചയത്തിന് പിൻഭാഗത്ത്‌ വലിയ മാലിന്യക്കൂമ്പാരമാണ് രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡ് പരിസരങ്ങളിലുള്ള കെട്ടിടങ്ങളുടെ സമീപവശങ്ങളിലും പ്ലാസ്റ്റിക് മാലിന്യം തള്ളിയിട്ടുണ്ട്. ടൗണിലെ മറ്റുഭാഗങ്ങളും സമാനമായ അവസ്ഥയിലാണ്.

മാസങ്ങൾക്കുമുമ്പ് കുറ്റ്യാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴും മാലിന്യം തള്ളൽ യഥേഷ്ടം തുടരുകയാണെന്ന് ആക്ഷേപമുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കുറ്റ്യാടി ടൗൺ വലിയ പ്രതിസന്ധിയനുഭവിക്കുകയാണെന്നും പ്ലാസ്റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Related Articles

Leave a Reply

Back to top button