
തൊടുപുഴ : പതിവായി വീട്ടിലേക്ക് രാത്രി കല്ല് വന്ന് വീഴുന്നത് കണ്ടെത്താൻ നാട്ടുകാർ ഇറങ്ങിത്തിരിച്ചതോടെ പിടിയിലായത് പതിനാലുകാരാൻ. മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം ഭാഗത്താണ് സംഭവം .
രണ്ടാഴ്ചയായി ഇവിടെയുള്ള ഒരു വീട്ടിലേക്ക് പതിവായി രാത്രി കല്ല് വന്ന് വീഴാൻ തുടങ്ങി. പല ദിവസവും ഒൻപതിനും പന്ത്രണ്ടിനും ഇടയ്ക്കാണ് കല്ലേറ്.
എന്നാൽ വീടിന് നാശ നഷ്ടം ഒന്നും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ ഉറക്കമിളച്ചിരുന്ന് ആളെ കൈയോടെ പിടികൂടുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കേസ് എടുത്തില്ല. കൗൺസിലിങ് നടത്തി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.





