
കോഴിക്കോട് : 3 പതിറ്റാണ്ടിലേറെയായുള്ള കിരീട നഷ്ടങ്ങൾക്കാണ് ഇന്നലെ ജില്ലാ ഫുട്ബോൾ ടീം അന്ത്യം കുറിച്ചത്. 1987ൽ ആണ് കോഴിക്കോട് ജില്ല അവസാനമായി സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം നേടുന്നത്. പിന്നീട് ഒട്ടേറെ മികച്ച താരങ്ങൾ ജില്ലയിൽ നിന്നു പിറവിയെടുത്തെങ്കിലും സംസ്ഥാന കിരീടം അകന്നുനിന്നു. 1984, 90, 95 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും കിരീടം കൈവിട്ടു. ഒടുവിൽ ഇന്നലെ കൊച്ചി മഹാരാജാസ് മൈതാനത്ത് തൃശൂരിനെ കീഴടക്കി കിരീടത്തിൽ മുത്തമിടുമ്പോൾ ജില്ലയിലെ ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിന് അന്ത്യമായി.
ഇന്നലെ നടന്ന ഫൈനലിൽ തൃശൂരിനെതിരെ തുടക്കം മുതൽ ആക്രമിച്ചു തുടങ്ങിയ ടീം നാലാം മിനിറ്റിൽ ഗോൾ കണ്ടെത്തി. കെ.കെ.മുഹമ്മദ് സനീഷാണു ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ 2 മിനിറ്റ് ബാക്കിയുള്ളപ്പോൾ തൃശൂർ മറുപടി ഗോൾ നേടി. സ്കോർ 1–1. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ നിശ്ചിത സമയം അവസാനിച്ചപ്പോൾ സമനിലയായിരുന്നു സ്കോർ. തുടർന്ന് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടിൽ തൃശൂരിന്റെ 3 ഷോട്ടുകൾ തട്ടിയകറ്റിയ കൂടത്തായ് സ്വദേശിയായ ഗോൾകീപ്പർ പി.മുഹമ്മദ് ഫായിസായിരുന്നു വിജയശിൽപി.
കോഴിക്കോടിനു വേണ്ടി എം.എ.സുഹൈൽ, കെ.പി.അബ്ദുൽ സമീഹ്, പി.അഭിജിത്ത് എന്നിവർ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഷൂട്ടൗട്ട് സ്കോർ 3–2. വാഹിദ് സാലി പരിശീലിപ്പിച്ച ടീം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണു നടത്തിയത്. ആദ്യ മത്സരത്തിൽ പാലക്കാടിനെതിരെ വാക് ഓവർ ലഭിച്ചു. ക്വാർട്ടറിൽ 4–0ന് ആതിഥേയരായ എറണാകുളത്തെ തോൽപിച്ചു. സെമിഫൈനലിൽ മലപ്പുറത്തെ 1–0നു കീഴടക്കി. സന്തോഷ് ട്രോഫി താരം കെ.ഒ.ജിയാദ് ഹസനാണ് നായകൻ. ഇന്നു രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ടീമിനു ജില്ലാ ഫുട്ബോൾ അസോസിയേഷൻ സ്വീകരണമൊരുക്കിയിട്ടുണ്ട്.





