കൊല്ലത്ത് യുവതികളുടെ തർക്കം ചിത്രീകരിച്ചുവെന്നാരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

കൊല്ലം: കൊല്ലം കടയ്ക്കലിൽ നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനു നേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ചത്. യുവതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. യുവതിക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള കാലതാമസം മൂലം അറസ്റ്റ് രേഖപ്പെടുത്താൻ വൈകുകയാണ്.
പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ എറ്റുമുട്ടിയത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അന്‍സിയയുടെ ആക്രമണം. അക്രമണത്തിന് ശേഷം മകനുമായി തയ്യൽക്കടയിലേക്ക് ഓടിക്കയറിയ അൻസിയ കടയുടെ ഷട്ടർ ഇട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.





