മുക്കുപണ്ടം പണയം വെച്ച് 89,500 രൂപ വായ്പ എടുത്ത് മുങ്ങി; പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയില്‍

കുന്ദമംഗലം: കാരന്തൂര്‍ ചാത്താംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്‌സ് എന്ന ധനകാര്യ സ്ഥാനത്തില്‍ 2020 ജൂലൈ 14ന് സ്വര്‍ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്നു വളകള്‍ പണയംവെച്ച് 89,500 രൂപ വായ്പയെടുത്ത് മുങ്ങിയ പ്രതി പിടിയില്‍. ചേളന്നൂര്‍ ഉള്ളാടം വീട്ടില്‍ യു വി ബിജു (38) ആണ് പിടിയിലായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനം പണയംവെച്ച വളകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് മനസ്സിലാകാത്ത രീതിയില്‍ സ്വര്‍ണമാണെന്ന് തെറ്റ് ധരിക്കുന്ന രീതിയില്‍ വിദഗ്ധമായാണ് വ്യാജ സ്വര്‍ണം പണികഴിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ചാത്തമംഗലം നെച്ചൂളിയില്‍ കുന്ദമംഗലം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അഭിലാഷ്, വി.കെ. സുരേഷ്, എ.എസ്.ഐ. സി. സന്തോഷ്‌കുമാര്‍, സി.പി.ഒ കെ. അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തതില്‍ സമാനമായ രീതിയില്‍ കക്കോടിയിലുള്ള ബാങ്കിലും പ്രതി തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.





