അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്, കെ.എസ്.ഐ.ഡി.സി മുഖേന വീ വിഷൻ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് നൽകിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയർത്തൽ, കോഴിക്കോട് കെ.എസ്.ഐ.ഡി.സി ഇൻക്യുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വനിതാ സംരംഭകർക്കായി സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിക്കവെ വ്യവസായ മന്ത്രി പി രാജീവാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. 2022-23 സാമ്പത്തിക വർഷം സംസ്ഥാനത്ത് ആകെ 1,35,000 സംരംഭങ്ങൾ തുടങ്ങിയതിൽ 43,200 എണ്ണം വനിതകളുടേതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.





