
കോഴിക്കോട് : ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് കരുതലും സ്നേഹവുമായി കോഴിക്കോട്ടും അമ്മത്തൊട്ടിലൊരുങ്ങുന്നു. മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി ബീച്ച് ആശുപത്രിയിൽ പണി പുരോഗമിക്കുന്ന അമ്മത്തൊട്ടിലിന്റെ പ്രവർത്തനം ഏപ്രിൽ അവസാനത്തോടെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയായി. ഇനി ഇലക്ട്രോണിക് തൊട്ടിൽ സ്ഥാപിക്കുന്ന പണിയാണ് ബാക്കിയുള്ളതെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജോയന്റ് സെക്രട്ടറി മീരാ ദർശക്, ജില്ലാസെക്രട്ടറി വി.ടി. സുരേഷ് എന്നിവർ പറഞ്ഞു. പൊതുമരാമത്തു വകുപ്പിനാണ് നിർമാണച്ചുമതല.
ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ജില്ലയിൽ അമ്മത്തൊട്ടിൽ യാഥാർഥ്യമാവുന്നത്. മുമ്പ് ചേവായൂരിൽ അമ്മത്തൊട്ടിലിന് സർക്കാർ സ്ഥലമനുവദിക്കുകയും കെട്ടിടനിർമാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിച്ചിരുന്നില്ല. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഉടൻ വൈദ്യസഹായം ഉറപ്പാക്കണമെന്ന നിർദേശത്തെത്തുടർന്നാണ് ബീച്ചാശുപത്രിയിൽ പദ്ധതിക്ക് കോർപ്പറേഷൻ അനുമതി നൽകിയത്.
മുൻ എം.എൽ.എ. എ. പ്രദീപ് കുമാറിന്റെ പ്രാദേശികവികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയിരുന്നെങ്കിലും സമയത്തിന് പൂർത്തിയാക്കാനായില്ല. ഇപ്പോൾ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. കൂടുതൽ തുക അനുവദിച്ചതിനെത്തുടർന്നാണ് പണി പുരോഗമിക്കുന്നത്.





