
കോഴിക്കോട് : നവരാത്രി മഹോത്സവത്തിന് ഇന്നു തുടക്കം. ഇനിയുള്ള 9 നാളുകൾ ദേവീ ക്ഷേത്രങ്ങൾ പ്രത്യേക പൂജകളാലും ആഘോഷങ്ങളാലും നിറയും. പ്രമുഖ ക്ഷേത്രങ്ങളായ അഴകൊടി ദേവീക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തളി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ‘ബൊമ്മക്കൊലു’ ഒരുങ്ങി.
തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ‘നവരാത്രി ബൊമ്മക്കൊലു’ ഇന്നു മുതൽ 15 വരെ ഉണ്ടാകും. ധർമ ശാസ്ത്ര വിധി പ്രകാരം മുപ്പത്തിമുക്കോടി ദേവീ ദേവൻമാർ വസിക്കുന്ന ഭൂമിയിൽ എല്ലാ ദേവീ ദേവൻമാരേയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ 11 പടികളിലായി അലങ്കരിച്ചു വച്ചിരിക്കുന്നത്. വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മക്കൊലുവിലെ സവിശേഷത.
നവരാത്രി ദിവസങ്ങളിൽ ദേവീ സ്തോത്രങ്ങൾ, ലളിതാംബാൾ ശോഭനം, ലളിതാസഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവ തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ പാരായണം ചെയ്യും. ഭക്തജനങ്ങൾക്ക് ‘ബൊമ്മക്കൊലു’ ദർശിക്കാൻ സൗകര്യം ഉണ്ടാകും. എല്ലാ പൂജാ കർമങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചാണ് നടത്തുക.





