
നാദാപുരം: ചൊവ്വാഴ്ച പൊലീസിനു നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. മർദിച്ചതിന് എടച്ചേരി പൊലീസ് ഇൻസ്പെക്ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത് (20) എന്നിവരെ എസ്ഐ ആർ.എൻ.പ്രശാന്ത് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് പി.എം.അബ്ദുൽ ജലീൽ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.
എടച്ചേരിയിൽ ബൈക്കിലെത്തി പ്രശ്നമുണ്ടാക്കിയ ഇവരെ ഇൻസ്പെക്ടറും സംഘവും പിന്തുടരുകയും നാദാപുരം താലൂക്ക് ആശുപത്രിയിൽ കയറിയ ഇരുവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിൽ ഇൻസ്പെക്ടറെയും മറ്റൊരു പൊലീസുകാരനെയും മർദിക്കുകയുമാണുണ്ടായത്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതിനാണ് കേസ്. സമാനമായ വകുപ്പുകൾ ചേർത്ത് എടച്ചേരി പൊലീസും കേസെടുത്തു. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇവർ എത്തിയ ബൈക്കും കസ്റ്റഡിയിലാണ്. താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഒരു മണിക്കൂറോളം അഴിഞ്ഞാട്ടം നടത്തിയതിൽ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ല. രോഗികളെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ബൈക്കിലെത്തിയ മൂന്നാമന് പൊലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയിലുണ്ടായ അപകടത്തിൽ പരുക്കേറ്റതായി വിവരമുണ്ട്.
പൊലീസിനെ കയ്യേറ്റം ചെയ്യാൻ ഇയാളുണ്ടായിരുന്നില്ലെങ്കിലും എടച്ചേരിയിൽ പ്രശ്നമുണ്ടാക്കിയ സംഘത്തിൽ ഇയാളുമുണ്ടായിരുന്നു. മാഫിയ സംഘം താലൂക്ക് ആശുപത്രിയിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ പരാതി നൽകാത്ത ആശുപത്രി സൂപ്രണ്ട് രാജിവയ്ക്കണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് നടപടി വേണം. പ്രസിഡന്റ് എം.കെ. സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.ഹാരിസ്, കെ.എം.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.





