Kozhikode

മെഗാ വിനോദയാത്ര സംഘടിപ്പിച്ച് പുത്തൂർ ഗവ. യു.പി. സ്കൂൾ

Please complete the required fields.




ഓമശ്ശേരി : വിനോദയാത്രയ്ക്ക് പോരാൻ തയ്യാറുള്ളവർ ഉടൻ പേര് നൽകണമെന്ന് സ്കൂളിൽനിന്ന് അറിയിപ്പ് കിട്ടുമ്പോഴേ കുട്ടികളുടെ മനസ്സിൽ ആഹ്ലാദം നിറയും. പക്ഷേ, കാര്യം വീട്ടിലവതരിപ്പിക്കുമ്പോൾ ആകെ സ്ഥിതി മാറിമറയും. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടിൽ തട്ടിത്തടഞ്ഞ് ചില കുട്ടികളുടെയെങ്കിലും മോഹം അവിടെ പൊലിയാറുണ്ട്. എന്നാൽ, വർഷങ്ങളായി ഇത്തരം വിഷമം അനുഭവിക്കുന്ന കുട്ടികളെ കണ്ട അനുഭവത്തിൽ പുത്തൂർ ഗവ. യു.പി. സ്കൂളധ്യാപകരും പി.ടി.എ. കമ്മിറ്റിയും എടുത്ത ഉറച്ചതീരുമാനത്തിന്റെ ഫലമായാണ് മുഴുവൻ കുട്ടികളെയും ചേർത്ത് വിനോദയാത്ര പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒരു പഠനയാത്രയിലും പങ്കെടുക്കാത്ത, തീവണ്ടിയിൽ കയറാത്ത, പ്ലാനറ്റേറിയം കാണാത്ത, ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്തിട്ടില്ലാത്ത ഒട്ടേറെ കുട്ടികൾ സ്കൂളിലുണ്ടെന്നും വ്യക്തമായതോടെയാണ് എല്ലാവരെയും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് പ്രധാനാധ്യാപകൻ പി.എ. ഹുസൈൻ വ്യക്തമാക്കി.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സൗജന്യമായി കൊണ്ടുപോകാൻ സ്കൂളധികൃതർ തീരുമാനിച്ചതോടെ മുഴുവൻ കുട്ടികളും യാത്രയുടെ ഭാഗമായി. പ്ലാനറ്റേറിയം സന്ദർശിച്ചശേഷം

കോഴിക്കോട് റയിൽവേ സ്റ്റേഷൻ മുതൽ എലത്തൂർ വരെ ട്രെയിൻ യാത്രനടത്തി. കാപ്പാട് ബീച്ച് സന്ദർശിച്ചശേഷം സമൂഹശുചീകരണവും നടത്തിയാണ് കുട്ടികളുടെ ചരിത്രയാത്രയ്ക്ക് സമാപനം കുറിച്ചത്. ഏഴ് ടൂറിസ്റ്റ് ബസുകളിൽ വിദ്യാർഥികളും അധ്യാപകരും നേരത്തേ നിശ്ചയിച്ച മാതാപിതാക്കളും അടക്കം 515 പേരുമായാണ് യാത്ര പോയത്.

Related Articles

Leave a Reply

Back to top button