
കോഴിക്കോട് : നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് 3 യുവതികൾ റോഡിലേക്കു തെറിച്ച് വീണു പരുക്കേറ്റ സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.
കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് ശുപാർശ നൽകി. വടകര ആർടിഒയുടെ നിർദ്ദേശപ്രകാരം എഎംവിഐ എൻ.പി.റിയാസും സംഘവും ബസിൽ നടത്തിയ പരിശോധനയിൽ ബസിൽ വേഗപ്പൂട്ട് ഇല്ലെന്നും സ്പീഡോമീറ്റർ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.
ഡ്രൈവർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വടകര–തൊട്ടിൽപാലം റൂട്ടിലോടുന്ന പിപി ബസിൽ നിന്ന് പുറമേരി സ്വദേശികളായ ഇരട്ട സഹോദരികൾ അടക്കം യുവതികൾ തെറിച്ചു വീണത്.
സാരമായി പരുക്കേറ്റ 3 പേരും ചികിത്സയിലാണ്. ഡ്രൈവർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. എടച്ചേരി പൊലീസ് കസ്റ്റഡിയിലുള്ള ബസ് പരിശോധിച്ച ശേഷമാണ് നടപടി എടുത്തത്.





