Kozhikode

വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു പ്രതിഷേധമുയർത്തി ബി.ജെ.പി

Please complete the required fields.




കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സി.യുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ., കെ.എസ്.യു. സംഘടനകളാണ് ഡോക്യുമെന്ററി പ്രദർശനമൊരുക്കിയത്. പ്രദർശനം പോലീസ് തടയാത്തതിൽ പ്രതിഷേധിച്ച് വൈകീട്ട് ബി.ജെ.പി. പ്രവർത്തർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ചുനടത്തി.

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ മുതലക്കുളം സരോജ് ഭവനിലാണ് പ്രദർശനമൊരുക്കിയത്. ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധമുണ്ടാവുമെന്ന സൂചനകളെത്തുടർന്ന് വൻ പോലീസ് കാവൽ ഇവിടെയൊരുക്കിയിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രദർശനം ഉദ്ഘാടനംചെയ്തു. സംസ്ഥാനത്താകെ 2000 കേന്ദ്രങ്ങളിൽ‍ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റിച്ചിറയിലാണ് പ്രദർശനം നടത്തിയത്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം. ധനീഷ് ലാൽ, ജില്ലാ ജന. സെക്രട്ടറി എൻ. ലബീബ്, എം.പി.എ. സിദ്ദിഖ്, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ, പി.പി. റമീസ്, ജെറിൽ ബോസ്, സക്കരിയ കുറ്റിച്ചിറ, ജംഷി കുറ്റിച്ചിറ എന്നിവർ സംസാരിച്ചു. വിവിധ കോളേജ് കാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ഡോക്യുമെന്ററി പ്രദർശനം പോലീസ് തടയാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി. പ്രവർത്തകർ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബി.ജെ.പി. ജില്ലാപ്രസിഡൻറ് വി.കെ. സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി. വിജയലക്ഷ്മി, പ്രശോഭ് കോട്ടൂളി, ടി. റെനീഷ്, അനുരാധാ തായാട്ട് തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button