
കോഴിക്കോട് : അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.എം.എസ്.എസ്.വൈ. ബ്ളോക്ക് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റീസ്, ആക്സിഡന്റ് ആൻഡ് എമർജൻസി ആശുപത്രി ഉദ്ഘാടനത്തിനൊരുങ്ങി.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ആറുനിലകളിലായി കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ 80 ശതമാനവും സംസ്ഥാനത്തിന്റെ 20 ശതമാനവും ചെലവഴിച്ച് പണിത കോംപ്ളക്സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടങ്ങൾ, 10 ഐ.സി.യു., 19 ഓപ്പറേഷൻ തിയേറ്റർ അടക്കം 430 ബെഡ്ഡുകളാണുള്ളത്. ഈ മാസം ഒടുവിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. തീയതിയുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അത്യാഹിത വിഭാഗം, ഫാർമസി, ബ്ളഡ് സ്റ്റോറേജ്, ഇ.സി.ജി. തുടങ്ങിയവ താഴത്തെ നിലയിലുണ്ടാകും. ഇവിടെയുള്ള ട്രയാജിന്റെ വലതുഭാഗം ഓർത്തോയും ഇടതുഭാഗം മെഡിസിൻ വിഭാഗവുമാണ്. ഓരോന്നിലും നിരീക്ഷണത്തിന് 20 കട്ടിലും താത്കാലികമായി കിടത്താൻ 10 കട്ടിലുമുണ്ട്. മൈനർ ഓപ്പറേഷൻ തിയേറ്റർ, എം.ആർ.ഐ. സി.ടി. സ്കാൻ, എക്സ്റേ, ലാബുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിനു സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്. സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ കാർഡിയാക് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, അനസ്ത്യേഷ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളാണ് പ്രധാന ആശുപത്രിയിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറുക.
ഒന്നാംനിലയിൽ അഞ്ച് തിയേറ്ററുകളും ആറാംനിലയിൽ 14 തിയേറ്ററുകളുമായി ആശുപത്രിയിൽ 19 ശസ്ത്രക്രിയ തിയേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടിടത്തുമായി രണ്ട് വീതം ഐ.സി.യു.കളും 25 വീതം ബെഡ്ഡുകളുള്ള നിരീക്ഷണ വാർഡുണ്ട്. നാല്, അഞ്ച് നിലകളിൽ വിവിധവിഭാഗങ്ങളുടെ ഐ.സി.യു.വും രണ്ട്, മൂന്ന് നിലകളിൽ വാർഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളേജിൽ ആദ്യമായി ഒരു ബ്ളോക്കിന് മാത്രമായി നിർമിച്ച മാലിന്യസംസ്കരണ പ്ളാന്റ് (500 കെ.എൽ.ഡി.), ആയിരം കിലോലിറ്റർ ശേഷിയുള്ള രണ്ട് ഓക്സിജൻ പ്ലാന്റ്, പവർ ഹൗസ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്.
പുതിയ ആശുപത്രിയിലേക്ക് ആവശ്യമുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാഹിതവിഭാഗമായി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പൂർണമായി ഓർത്തോ വിഭാഗത്തിനായി ഉപയോഗപ്പെടുത്തും.





