
കൊടുവള്ളി : കിഴക്കോത്ത് എളേറ്റിൽ വട്ടോളിയിൽ പൊതുകുളത്തിൽ വയോധികന്റെ മൃതദേഹം കഴുത്തറത്തനിലയിൽ കണ്ടെത്തി. എളേറ്റിൽ പൂവത്തിങ്ങൽ പുലിവലത്തിൽ ആലിക്കുട്ടിയുടെ (ചെറിയ ആലി-63) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കുളത്തിൽ കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ച ചെരിപ്പ്, കത്തി, ടോർച്ച് എന്നിവ കുളക്കരയിൽ ഉണ്ടായിരുന്നു. ആത്മഹത്യയാവാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ മൂന്നിനാണ് ഇയാൾ വീട്ടിൽ നിന്നിങ്ങിയതെന്നും കുളക്കരയിൽനിന്ന് കണ്ടെത്തിയ കത്തിയും ടോർച്ചും ഇയാളുടെ വീട്ടിൽ ത്തന്നെയുള്ളതാണെന്നും പോലീസ് പറഞ്ഞു. വൃക്കരോഗിയായ ഇയാൾ നാലുവർഷമായി ഡയാലിസിസ് ചെയ്തുവരുകയായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. പോലീസ് നായ സംഭവസ്ഥലത്തുനിന്നും ഇയാളുടെ വീട്ടിലേക്കാണ് പോയത്.
കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: കദീജ. മക്കൾ: അസ്ലം, അഷ്റഫ്, ഹാരിസ്. മരുമക്കൾ: റസിയ, ജസീല, നസ്റി.





