
കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ റോയ് തോമസ് വധക്കേസിൽ നാലുപ്രതികളെയും മാറാട് പ്രത്യേകകോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി ജോളിയേയും കൂട്ടുപ്രതികളെയും മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
എം.എസ്. മാത്യു, പ്രജികുമാർ, മനോജ് എന്നിവരാണ് കൂട്ടുപ്രതികൾ. സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാനായി ജോളി, ആദ്യഭർത്താവ് റോയ് തോമസിനെ മറ്റുപ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കുറ്റമാണ് വായിച്ചുകേൾപ്പിച്ചത്.
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, പോയിസൺ ആക്ട് സെക്ഷൻ 6 എന്നിവയാണ് ജോളിയുടെ പേരിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. എം.എസ്. മാത്യു, പ്രജികുമാർ എന്നിവരുടെ പേരിൽ ഗൂഢാലോചന, പ്രേരണക്കുറ്റം, പോയിസൺ ആക്ടിന്റെ സെക്ഷൻ 6 കുറ്റങ്ങളാണുള്ളത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതാണ് നാലാംപ്രതി മനോജിന്റെ പേരിലുള്ള കുറ്റം. പ്രതികൾ കുറ്റംനിഷേധിച്ചു. തുടർനടപടികൾക്കായി കേസ് ജനുവരി 19-ലേക്ക് മാറ്റി.
കേസ് വിളിച്ചയുടൻ ജോളി, ജഡ്ജിയുടെ ഇരിപ്പിടത്തിനുസമീപമെത്തി നേരിട്ടും അവരുടെ അഭിഭാഷകൻ അഡ്വ. ഹിജാസ് അഹമ്മദ് മുഖേനയും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി നിരസിച്ചു. തുടർന്ന്, ഹൈക്കോടതി ഹർജി പരിഗണിക്കുന്ന ജനുവരി 18 കഴിഞ്ഞ് തൊട്ടടുത്ത ദിവസത്തേക്ക് കേസ് മാറ്റുകയായിരുന്നു. മറ്റ് അഞ്ച് കൊലപാതകക്കേസുകൾ ഫെബ്രുവരി നാലിലേക്ക് മാറ്റി.
ടോം തോമസ്, അന്നമ്മ തോമസ്, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധനാറിപ്പോർട്ട് ദേശീയ ഫൊറൻസിക് ലാബ് കോടതിയിൽ സമർപ്പിച്ചു. സിലി വധക്കേസിൽ നേരത്തേ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച് റീജണൽ ഫൊറൻസിക് ലാബ് റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന ജോളിയെ പിണറായി പോലീസാണ് കോടതിയിലെത്തിച്ചത്.





