Kozhikode

ഗേറ്റുകൾ രാത്രി അടച്ചിടുന്ന പ്രശ്‌നം : റെയിൽവേബോർഡ് ചെയർമാന് എം.പി. നിവേദനം നൽകി

Please complete the required fields.




കോഴിക്കോട് : രണ്ടാംഗേറ്റും വട്ടാംപൊയിൽ, എലത്തൂർ റെയിൽവേ ഗേറ്റുകളും രാത്രിമുഴുവൻസമയവും അടച്ചിടരുതെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. റെയിൽവേബോർഡ് ചെയർമാൻ സുനീത് ശർമയുമായി ഡൽഹിയിലെ റെയിൽവേബോർഡ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഈ ആവശ്യമുന്നയിച്ച് എം.പി. നിവേദനം നൽകി.

ജീവനക്കാരുടെ അഭാവംമൂലം കഴിഞ്ഞ ഒന്നരമാസത്തോളമായി രാത്രി 10 മണിമുതൽ രാവിലെ ആറുവരെ ഗേറ്റുകൾ അടച്ചിടുകയാണ്. നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ സെൻട്രൽ മാർക്കറ്റിലേക്ക് ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതം രണ്ടാംഗേറ്റ് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി ഇതുവഴി രാത്രികാലങ്ങളിൽ ചരക്ക് നീക്കം നിലച്ചിരിക്കുകയാണ്. കൂടാതെ ഈ ഗേറ്റ് വഴി യാത്രചെയ്യുന്ന പൊതു ജനങ്ങളെയും രാത്രികാലങ്ങളിലെ അടച്ചിടൽ സാരമായി ബാധിച്ചിരിക്കുകയായിരുന്നു.

ആകെ 441 ട്രാഫിക് പോയന്റ്‌സ് മാൻ തസ്തികകൾ ഉള്ള പാലക്കാട് നിലവിൽ 171-ഓളം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ ഇതിൽ അമ്പതോളംവരുന്ന ഒഴിവുകളിൽ വിമുക്തഭടന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാറുണ്ടായിരുന്നു. എന്നാൽ ജൂൺമാസം അവസാനിച്ച വിമുക്തഭടന്മാരുടെ കരാർ റെയിൽവേ അധികൃതർ ഇതുവരെയും പുതുക്കി നൽകിയിട്ടില്ല. ഇതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം മൂലം അപായങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും എം.പി. നിവേദനത്തിൽ വ്യക്തമാക്കി.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിമുക്തഭടന്മാരുടെ കരാർ പുതുക്കിനൽകിയും, ബാക്കിവരുന്ന ഒഴിവുകൾ മറ്റേതെങ്കിലും തരത്തിൽ നികത്തിയും റെയിൽവേഗേറ്റുകൾ വഴിയുള്ള ജനങ്ങളുടെ രാത്രികാല സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേബോർഡ് ചെയർമാനോട് എം.പി. ആവശ്യപ്പെട്ടു.

സതേൺ റെയിൽവേയിലെ എൻ.എസ്.ജി. 2 കാറ്റഗറിയിൽപ്പെട്ട സ്റ്റേഷനുകളിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ മാനേജർ തസ്തികകളും കുറേക്കാലമായി ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവുകളും ഉടൻ നികത്തണമെന്ന് എം.പി. ആവശ്യപ്പെട്ടു.

തസ്തികകളിലെ ഒഴിവുകൾ നികത്തി ജനങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബോർഡ് ചെയർമാൻ എം.പി. ക്ക് ഉറപ്പുനൽകി

Related Articles

Leave a Reply

Back to top button