ഇടുക്കിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് മദ്യത്തില്‍ കീടനാശിനി കലര്‍ന്നതിനാലാണെന്ന് കണ്ടെത്തി

ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതിനാലാണെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കുടിച്ചതോ മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ ആകാമെന്നാണ് പോലീസിന്റെ സംശയം.
മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.
ആശുപത്രിയില്‍ കഴിയുന്ന മൂന്നുപേരുടെയും സുഹൃത്തായ സുധീഷിന് വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുധീഷ് മദ്യപിച്ചിരുന്നില്ല. സുധീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.





