
കോഴിക്കോട്: കോഴിക്കോട്: സമസ്തയുടെ ആദര്‍ശ സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനസാഗരം. തെക്കുമുതല്‍ വടക്കു വരെയുള്ള സമസ്തയുടെ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും പതാകയേന്തിയ ബസുകളും വാനുകളും കൊണ്ട് കോഴിക്കോട് നഗരം ഉച്ചയ്ക്ക് മുമ്പെ തന്നെ നിറഞ്ഞിരുന്നു.
ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് വലുതും ചെറുതുമായ വാഹനങ്ങളില്‍ കോഴിക്കോട് കടപ്പുറത്തേക്ക് എത്തിയത്. അസര്‍ നിസ്കാരത്തിന് നഗരത്തിലെ മുഴുവന്‍ പള്ളികളിലും സമസ്തയുടെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ജില്ലയുടെ പ്രധാന പ്രവേശന കവാടം മുതല്‍ വിഖായ വളണ്ടിയര്‍മാര്‍ സമ്മേളന നഗരിയിലേക്കുള്ള വഴി തെളിയിച്ചു കൊടുക്കാന്‍ നിലയുറപ്പിച്ചു.
ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും കേരളത്തിലെ നവീനവാദികളില്‍ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടര്ന്നവരുന്നുവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ആദര്‍ശ സമ്മേളനം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല. മതവിധികള്‍ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടതെന്നും ഇസ്ലാമിന്റെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
ഇസ്ലാമിനെ തകര്‍ക്കുന്നതിനായി പ്രമാണങ്ങളില്‍ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. തങ്ങളുടെ വ്യക്തിതാല്പര്യങ്ങള്ക്കു വേണ്ടി അത്തരം നീക്കങ്ങള്‍ നടത്തല്‍ മുജാഹിദ് വിഭാഗത്തിന്റെ രീതിയാണെന്നും തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് വെങ്ങളം ബൈപാസിന്റെ പ്രധാന പ്രവേശന ഭാഗത്തും രാമനാട്ടുകരയിലും പ്രധാന ബൈപാസിലും നിലയുറപ്പിച്ചതിനു പുറമെ നഗരത്തിലെ പ്രധാന ഇടങ്ങളിലും വിഖായയുടെ നീലപ്പടയാളികള്‍ സമസ്തയുടെ കൊടിയും പിടിച്ചാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും, എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, യു.എം. അബ്ദുറഹിമാന് മുസ്ലിയാര്, എം.കെ. മൊയ്തീന് കുട്ടി മുസ്ലിയാര്, എം.കെ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്, കെ. ഉമര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ടി. ഹംസ മുസ്ലിയാര്, പി.കെ. ഹസക്കുട്ടി മുസ്ലിയാര് ആദൃശേരി എന്നിവർ പ്രസംഗിച്ചു





