
കോഴിക്കോട് : രാജ്യത്ത് കർഷകസംഘടനകൾ പ്രഖ്യാപിച്ച ഭാരതബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന ഹർത്താൽ ജില്ലയിൽ പൂർണ്ണം. കോവിഡ്കാലത്തെ ഹർത്താലിൽ ജനം വലഞ്ഞു. സ്വകാര്യവാഹനങ്ങളും ചുരുക്കമായേ ഓടിയുള്ളൂ. മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. റോഡ് ഗതാഗതത്തെ ഹർത്താൽ ബാധിച്ചു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. മരുന്നുകടകൾ തുറന്നു.
നടക്കാവിലെ ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി ഓഫീസ് സ്ഥാപനമായ നടക്കാവ് ആമി ഫോർ കോം എന്ന സ്ഥാപനം ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു. സ്ഥാപന ഉടമ യാസർ അരാഫത്ത്, ജീവനക്കാരൻ മക്കട മലയിൽ വീട്ടിൽ അർജുൻ എന്നിവരെ മർദിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. ഒരുമണിയോടെ 15-ഓളം പേർ സ്ഥാപനത്തിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
മാധ്യമസ്ഥാപനമാണെന്നും വേണമെങ്കിൽ അടച്ചുകൊള്ളാമെന്നും ഓഫീസിലുള്ളവർ പറഞ്ഞെങ്കിലും അക്രമം തുടർന്നു. ഹർത്താൽ അനുകൂലികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിച്ചു. നടക്കാവ് പോലീസ് കേസെടുത്തു.
നടക്കാവ് പോസ്റ്റോഫീസിൽ ജോലിക്കുകയറിയ ജീവനക്കാരെ ഹർത്താൽ അനുകൂലികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ജീവനക്കാർ പോലീസിൽ അറിയിച്ചപ്പോഴേക്കും സമരാനുകൂലികൾ പിരിഞ്ഞുപോവുകയായിരുന്നു.
സംയുക്ത ട്രേഡ് യൂണിയൻ പ്രകടനം നടത്തി
ഹർത്താൽദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. പ്രകടനത്തെത്തുടർന്ന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗം സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തകസമിതിയംഗം എം. രാജൻ അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, പി.കെ. സന്തോഷ് കുമാർ, പി.ടി. ബഷീർ, സി.പി. സുലൈമാൻ, കെ.എം. കോയ, എം.കെ. അനന്തരാമൻ, പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മുതലക്കുളത്ത് ചേർന്ന പ്രതിഷേധയോഗം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ലാപ്രസിഡന്റ് ഇ.സി. സതീശൻ അധ്യക്ഷനായി. ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് കെ. രാജീവ്, സി.ഐ.ടി.യു. ജില്ലാകമ്മിറ്റി അംഗം കെ.പി. പ്രസന്നകുമാർ ,എൻ.കെ.സി. ബഷീർ, ബഷീർ പാണ്ടികശാല , എം.പി. സൂര്യനാരായണൻ, .കെ. ശ്രീനിവാസൻ, കെ. ഷാജി, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
കർഷകസമിതി ധർണ നടത്തി
സംയുക്ത കർഷകസമിതി ജില്ലാകമ്മിറ്റി ആദായനികുതി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ കർഷകസംഘം സെക്രട്ടറി കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ സി.പി. അബ്ദുറഹ്മാൻ അധ്യക്ഷനായി.
കെ. അനിൽകുമാർ, ഇ.കെ. വർഗീസ്, എം.പി. സൂര്യനാരായണൻ, യു.പി. അബൂബക്കർ, ടി.വി. വിജയൻ, ബേബി വാസൻ, അജ്മൽ മാങ്കാവ്, കെ. ശേഖർ എന്നിവർ സംസാരിച്ചു.
പത്രപ്രവർത്തകയൂണിയൻ ഐക്യദാർഢ്യം
പത്രപ്രവർത്തക യൂണിയന്റെയും ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും ഐക്യദാർഢ്യയോഗം കാലിക്കറ്റ് പ്രസ്ക്ലബ്ബിന് മുന്നിൽ നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. എളമരം കരീം എം.പി., എം.കെ. രാഘവൻ എം.പി., പി.വി. കുട്ടൻ, കമാൽ വരദൂർ, പി.എസ്. രാകേഷ്, എം. പ്രമോദ് കുമാർ, സി.പി. അനിൽ കുമാർ, രതീഷ് വിശ്വനാഥൻ, എം.വി. ഫിറോസ് എന്നിവർ സംസാരിച്ചു.
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ സമരവും നടത്തി.
സമരം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് മാജൂഷ് മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മാത്യു ദേവഗിരി അധ്യക്ഷത വഹിച്ചു. ജോസ് കാരിവേലി, പാപ്പച്ചൻ കാരിവേലി, ടി. പത്മാക്ഷൻ, വേണുഗോപാലൻ നായർ, അനീഷ് ചാത്തമംഗലം, രാജൻബാബു ചേളന്നൂർ, സദാശിവൻ പെരുവയൽ, സുനിൽ ബാബു, സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.





