
കോഴിക്കോട് : വെസ്റ്റ്ഹില്ലിനും വെങ്ങാലിക്കും ഇടയിൽ റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി സമീപത്തെ തെങ്ങിനു തീപിടിച്ചു. തീപിടിത്തത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 4.10നാണു സംഭവം. 25 കിലോവാട്ട് ശേഷിയുള്ള വൈദ്യുതലൈനിലേക്കു സമീപത്തെ സ്വകാര്യ പറമ്പിലെ തെങ്ങ് ചരിഞ്ഞതോടെ തീപിടിക്കുകയായിരുന്നു. മണ്ട പൂർണമായും കത്തിയ ശേഷം വശത്തേക്കു ചെരിഞ്ഞു നിന്ന തെങ്ങ് ഇതുവഴി മംഗളൂരു ഭാഗത്തേക്കു പുറപ്പെട്ട പരശുറാം എക്സ്പ്രസ്സിൽ തട്ടി.
ഉടനെ പരശുറാം എക്സ്പ്രസ്സിലെ ഗാർഡ് എലത്തൂർ റെയിൽവേ സ്റ്റേഷനിലും നാട്ടുകാർ ബീച്ചിലെ അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.ബീച്ചിൽ നിന്നെത്തിയ അഗ്നിരക്ഷാസേന അര മണിക്കൂറിനകം തെങ്ങു മുറിച്ചു മാറ്റി. ഇതിനിടെ എത്തിയ തിരുനെൽവേലി –ജാംനഗർ എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. തെങ്ങു മുറിച്ചു മാറ്റി ഒരു മണിക്കൂറിനകം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.X
റെയിൽവേ ട്രാക്കിലേക്കും വൈദ്യുതി ലൈനിലേക്കും വീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നു റെയിൽവേ സ്ഥലം ഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു. മരങ്ങൾ വീണുണ്ടാകുന്ന നഷ്ടങ്ങൾക്കു ചുമതലപ്പെട്ട വ്യക്തികൾ ഉത്തരവാദികളായിരിക്കുമെന്നു റെയിൽവേ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ റെയിൽവേയെ അറിയിക്കാം. 0491 2555337.





